Tuesday, November 17, 2026

ഓർമകളുടെ കറുത്ത നിഴൽ

ജീവിതമെന്ന കോമാളി

ഒന്നിച്ചിരുന്നു... ഒന്നിച്ചുണ്ട് ... വയ്യായ്മകളിലും കൈപിടിച്ചു കൂടെയിരുന്നു. ഒരു ജന്മം മുഴുവൻ

സന്തോഷത്തിലും ദുഃഖത്തിലും ഓഹരിയെടുത്ത് ജീവിച്ച സഹയാത്രികനോട് ഒരുനാൾ വിടപറയേണ്ടി വരുമ്പോൾ, അതിന്റെ ഭാരം താങ്ങാനാവാതെ ഹൃദയം തളരുന്നത് സ്വാഭാവികമാണ്.
യാതൊന്നും ചോദിക്കാതെ, ഒന്നും സ്വന്തമാക്കാതെ, കടമകളുടെ കണക്കുകൾ സൂക്ഷിക്കാതെ ഒപ്പമുണ്ടായിരുന്ന ഒരാൾ. അങ്ങനെയൊരു മനുഷ്യനെ മരണം വന്ന് വിളിക്കുമ്പോൾ "പിന്നെ വരാം" എന്ന് പറയാനാവില്ലല്ലോ. പോകേണ്ടവർ പോകും. അവരെ പിടിച്ചുനിർത്താൻ ആർക്കും കഴിയില്ല.
അതൊരു സത്യമാണ്. അംഗീകരിക്കേണ്ട സത്യം.
പക്ഷേ, അംഗീകരിക്കുക എന്നത് മറക്കുക എന്നല്ല.
കാലം മുന്നോട്ടു പോകും. മുറിവിന്റെ ആഴം കുറയും. എന്നാൽ അത് പൂർണമായി മായില്ല. ചില വേദനകൾ നമ്മോടൊപ്പം ജീവിക്കാനാണ് പഠിക്കുന്നത്.
നിത്യം ഉറങ്ങി ഉണർന്നിരുന്ന കട്ടിൽ ഇന്നും അതേപോലെ കിടക്കുന്നു. ഇടയ്ക്കിടെ ഷീറ്റ് മാറ്റി വിരിക്കും. ഉപയോഗിച്ചിരുന്ന ഓരോ സാധനവും ഇന്നും പഴയ സ്ഥാനങ്ങളിൽ തന്നെ. അവയെ കാണുമ്പോൾ പോലും വേദന ചിറകടിക്കും. ആ കാലം ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന തിരിച്ചറിവ് മനസ്സിനെ ശൂന്യമാക്കും. ചില നേരങ്ങളിൽ ഓർമ്മകൾ വന്ന് നെഞ്ചിനുള്ളിൽ നിശ്ശബ്ദമായി കരയും.
"മനസ്സ് ശക്തമാക്കണം", "പഴയതൊക്കെ മറക്കണം" എന്ന് പ്രിയപ്പെട്ടവർ ഉപദേശിക്കും. പക്ഷേ ആ നിമിഷങ്ങളിൽ എല്ലാവരോടും ഒരു അകൽച്ചയാണ് തോന്നുക. നഷ്ടപ്പെട്ടത് അവർക്ക് അറിയില്ലെന്ന തോന്നൽ.
എങ്കിലും ജീവിക്കണം.
നമുക്കുവേണ്ടി മാത്രമല്ല; നമ്മെ സ്നേഹിച്ചവർക്കുവേണ്ടിയും. അവർ നമുക്കു സമ്മാനമായി തന്ന മക്കൾക്കുവേണ്ടിയും. "അച്ഛൻ" എന്നും "അമ്മ" എന്നും വിളിക്കാൻ ഇന്നും ആരൊക്കെയോ ഉണ്ടെന്ന ചിന്ത, ജീവിതത്തിലേക്ക് തിരികെ നടക്കാൻ നമ്മെ ശക്തരാക്കും.
നമ്മൾ ഒന്ന് കരുതുന്നു. ദൈവം മറ്റൊന്ന് തീരുമാനിക്കുന്നു.
രാത്രി ഏറെ വൈകുമ്പോൾ പറയും:
"മതി, ഇനി നിർത്തി വാ. നാളെ ഒരാളെ വിളിച്ച് അവിടെയൊക്കെ വൃത്തിയാക്കാം."
.
"നിങ്ങളല്ലല്ലോ ചെയ്യുന്നത്, ഞാനല്ലേ!" എന്ന് ചെറിയൊരു ദേഷ്യത്തോടെ.ഞാനും 
ചിലപ്പോൾ അതെന്റെ വേദനയാകാം സംരക്ഷിക്കേണ്ടവന്റെ  കൈകൾ  അറുത്ത ദൈവത്തോടുള്ള ഒരു  പ്രതികാരവും ലോകത്തോടൊരു വെല്ലുവിളിയും

 "എനിക്ക് വിശക്കുന്നു, വാ..." എന്ന് വിളിച്ചാൽ, പതുക്കെ ജോലി നിർത്തി അകത്തേക്ക് വരും.
അത് കണ്ടിരുന്ന മക്കൾ പറയും:
"അച്ഛനും അമ്മയ്ക്കും തമ്മിൽ എന്തൊരു സ്നേഹമാണ്... പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ!"

അവരുടെ മുന്നിൽ പ്രണയം പ്രകടിപ്പിക്കാറില്ലായിരുന്നു ഞങ്ങൾ. കൊച്ചു വഴക്കുകളും തമാശകളും പരിഭവങ്ങളുമായിരുന്നു അവർക്ക് കൂടുതലറിയാവുന്നത്. പക്ഷേ സ്നേഹം ശബ്ദമുണ്ടാക്കാറില്ലല്ലോ. അത് ഇത്തരം ചെറിയ വിളികളിലും കാത്തിരിപ്പുകളിലും കരുതലുകളിലുമാണ് ഒളിഞ്ഞിരിക്കുക.
ഇന്ന് ആ ഇരിപ്പിടം ശൂന്യമാണ്.
കാലം മാറി. മക്കളുടെ മക്കൾ പോലും വളർന്ന് വലുതാകുന്നു.
ഒരുകാലത്ത് ഒറ്റപ്പെടൽ എന്നെ തേടിയെത്തിയപ്പോൾ, ഞാൻ മനഃപൂർവം തിരക്കുകളെ തേടിപ്പോയിരുന്നു. കുഞ്ഞുങ്ങളോടൊപ്പം കളിച്ചും ചിരിച്ചും സമയം മറന്നിരുന്നു.
ഇന്നവർക്കും അവരുടെ സ്വപ്നങ്ങളും പഠനങ്ങളും തിരക്കുകളുമുണ്ട്.
വീണ്ടും ഞാൻ എന്റെ ഓർമ്മകൾക്കൊപ്പം മാത്രമാണ്.
വെറുതെയിരുന്ന ഒരു നിമിഷത്തിൽ മനസ്സിലേക്ക് കടന്നുവന്ന ചില യാഥാർഥ്യങ്ങൾ മാത്രമാണിവ. അനുഭവിച്ചറിഞ്ഞ സത്യങ്ങൾ.
പറയാനുണ്ടെങ്കിൽ ഇനിയും ഏറെയുണ്ട്.
പക്ഷേ ഓർമ്മകളെല്ലാം വാക്കുകളാക്കി കോരിയിടാൻ ചിലപ്പോൾ മനസ്സ് അശക്തമാകുന്നു.
എങ്കിലും, കഴിയുന്നത്ര എന്റെ ഓർമ്മകളുടെ മണ്ണിൽ നിന്ന് അവയെ എടുത്ത് ഇവിടെ സംസ്കരിക്കുകയാണ്.
ദുഃഖങ്ങളുടെ ചവറ്റുകുട്ട വീണ്ടും എന്നിലേക്കുതന്നെ മടങ്ങിവരട്ടെ.
കാരണം ചില വേദനകൾ പങ്കുവെച്ചാൽ കുറയില്ല...
അവ നമുക്കുള്ളിൽ ഒരു നിശ്ശബ്ദ സഹയാത്രികനായി എന്നും കൂടെയുണ്ടാവും

1 comment:


  1. സമർപ്പണം
    എന്റെ ജീവിതയാത്രയിൽ കൈപിടിച്ചു നടന്ന, ഇന്ന് ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ആ പ്രിയ സഹയാത്രികന്...
    നീ ഇല്ലാത്ത നിശ്ശബ്ദതകളിൽ നിന്നാണ് ഈ വാക്കുകൾ ജനിച്ചത്.
    സ്നേഹത്തോടെ,

    ReplyDelete